കൊച്ചി: കേരള എൻസിപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ തോമസ് കെ. തോമസിനെ പദവിയിൽ നിന്ന് നീക്കാൻ ഒരു വിഭാഗം ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ദേശീയ വർക്കിംഗ് പ്രസിഡന്റ് പി.സി.ചാക്കോയുടെ നേതൃത്വത്തിലുള്ള വിഭാഗം ഇന്ന് കൊച്ചിയിൽ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
ഇന്ന് രാവിലെ 10.30-ന് കലൂർ റിന്യൂവൽ സെന്ററിലാണ് ചാക്കോ അനുകൂലികളുടെ യോഗം നടക്കുന്നത്. തോമസ് കെ. തോമസിന് പകരം പി.സി.ചാക്കോ തന്നെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തേക്കുമെന്നാണ് സൂചന. അതേസമയം ചാക്കോ വിഭാഗത്തിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ എ.കെ.ശശീന്ദ്രൻ പക്ഷവും രംഗത്തിറങ്ങിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ശശീന്ദ്രൻ അനുകൂലികളുടെ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. മാസങ്ങളായി തുടരുന്ന ആഭ്യന്തര തർക്കങ്ങളാണ് ഇപ്പോൾ പരസ്യമായ ചേരിപ്പോരിലേക്ക് വഴിമാറിയിരിക്കുന്നത്. അതേസമയം ഗ്രൂപ്പ് യോഗം താൻ വിളിച്ചിട്ടില്ലെന്ന് എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ഉണ്ടായത്. അത് ചർച്ച ചെയ്യണം. തോൽവിയുടെ കാരണം കണ്ടെത്തി പരിഹരിച്ചു സംഘടന മുന്നോട്ട് പോകണമെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.